Skip to content

ഐ പി എല്ലിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

ആരാധകരുടെ പ്രതീക്ഷ പോലെ ഐ പി എൽ 2023 സീസൺ തകർപ്പൻ ഫിഫ്റ്റിയോടെ തുടങ്ങിക്കുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗംഭീര പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ മറ്റാർക്കും നേടാകാനാത്ത റെക്കോർഡ് സഞ്ജു സ്വന്തമാക്കി.

28 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ സഞ്ജു സാംസൺ 32 പന്തിൽ 3 ഫോറും 4 സിക്സും ഉൾപ്പടെ 55 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 700 റൺസ് സഞ്ജു സാംസൺ പൂർത്തിയാക്കി. എല്ലായ്പ്പോഴും മികച്ച ബൗളിങ് നിരയുമായി എത്തുന്ന ടീമായ സൺറൈസേഴ്സിനെതിരെ 700 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനാണ് സഞ്ജു സാംസൺ. മത്സരത്തിലെ ഫിഫ്റ്റിയടക്കം 20 ഇന്നിങ്സിൽ നിന്നും 725 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്.

20 ഇന്നിങ്സിൽ 569 റൺസ് നേടിയിട്ടുള്ള വിരാട് കോഹ്ലിയാണ് സഞ്ജുവിന് ശേഷം സൺറൈസേഴ്സിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത്.

ഐ പി എല്ലിലെ തൻ്റെ പതിനെട്ടാം ഫിഫ്റ്റിയാണ് മത്സരത്തിൽ സഞ്ജു നേടിയത്. സഞ്ജുവിനൊപ്പം 37 പന്തിൽ 54 റൺസ് നേടിയ യശസ്വി ജയ്സ്വാളും 22 പന്തിൽ 54 റൺസ് നേടിയ ജോസ് ബട്ട്ലറും മികവ് പുലർത്തി. മൂവരുടെയും മികവിൽ 20 ഓവറിൽ 203 റൺസ് രാജസ്ഥാൻ റോയൽസ് അടിച്ചുകൂട്ടി.