Skip to content

രസംകൊല്ലിയായി മഴ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് വിജയം

ഐ പി എൽ 2023 സീസണിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് വിജയം. മഴ കളി മുടക്കിയ മത്സരത്തിൽ DLS നിയമപ്രകാരം 7 റൺസിനായിരുന്നു പഞ്ചാബ് കിങ്സിൻ്റെ വിജയം.

192 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കെ കെ ആർ 16 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടിനിൽക്കവേയാണ് മഴ ശക്തിപെട്ടതിനെ തുടർന്ന് മത്സരം നിർത്തിവെച്ചത്. 3 പന്തിൽ 8 റൺസ് നേടിയ ഷാർദുൽ താക്കൂറും 2 പന്തിൽ 7 റൺസ് നേടിയ സുനിൽ നരെയ്‌നുമാണ് കെ കെ ആറിനായി ക്രീസിലുണ്ടായിരുന്നത്. DLS മെതോഡ് പ്രകാരം 17 ഓവറിൽ വിജയിക്കാൻ 153 റൺസ് കെ കെ ആറിന് വേണമായിരുന്നു.

19 പന്തിൽ 35 റൺസ് നേടിയ ആന്ദ്രേ റസ്സൽ, 28 പന്തിൽ 34 റൺസ് നേടിയ വെങ്കടേഷ് അയ്യർ എന്നിവരാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിൽ തിളങ്ങിയത്. ഇരുവരും ഫോമിലേക്ക് ഉയർന്നുവെങ്കിലും നിശ്ചിത ഇടവേളകളിൽ ഇരുവരെയും പുറത്താക്കാൻ പഞ്ചാബ് കിങ്സിന് സാധിച്ചു.

മൂന്നോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ അർഷ്ദീപ് സിങാണ് പഞ്ചാബ് കിങ്സ് ബൗളർമാരിൽ തിളങ്ങിയത്. സിക്കന്ദർ റാസ, നേതൻ എല്ലിസ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 32 പന്തിൽ 50 റൺസ് നേടിയ ബാനുക രാജപക്സ, 29 പന്തിൽ 40 റൺസ് നേടിയ ക്യാപ്റ്റൻ ശിഖാർ ധവാൻ, 17 പന്തിൽ 26 റൺസ് നേടിയ സാം കറൺ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ടിം സൗത്തീ രണ്ട് വിക്കറ്റും ഉമേഷ് യാദവ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഏപ്രിൽ അഞ്ചിന് രാജസ്ഥാൻ റോയൽസിനെതിരെയാണ് പഞ്ചാബ് കിങ്സിൻ്റെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ അടുത്ത മത്സരം.