അവൻ ടീമിൻ്റെ മുതൽകൂട്ടാണ് ! ആദ്യ മത്സരത്തിലെ വിജയശില്പിയെ പ്രശംസിച്ച് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഓൾ റൗണ്ടർ പ്രകടനം കാഴ്ച്ചവെച്ച അഫ്ഗാൻ താരം റാഷിദ് ഖാനെ പ്രശംസിച്ച് ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ.

അപകടകാരികളായ ബെൻ സ്റ്റോക്സ്, മോയിൻ അലി എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ റാഷിദ് ഖാൻ നാലോവറിൽ 26 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ശേഷം ചേസിങിൽ സമ്മർദ്ദഘട്ടത്തിൽ ക്രീസിലെത്തിയ താരം ദീപക് ചഹാറിനെതിരെ നേരിട്ട ആദ്യ പന്തിൽ സിക്സും പിന്നാലെ ബൗണ്ടറിയും നേടികൊണ്ട് സി എസ് കെയിൽ നിന്നും മത്സരം തട്ടിയെടുത്തു.

റാഷിദ് ഖാൻ ടീമിലുള്ളത് തീർച്ചയായും വലിയ മുതൽകൂട്ടാണെന്നും ടീമിന് വിക്കറ്റും വാലറ്റത്തിൽ നിർണ്ണായക റൺസ് റാഷിദ് ഖാൻ സമ്മാനിക്കുമെന്നും മത്സരശേഷം ഹാർദിക്ക് പാണ്ഡ്യ പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയായ റാഷിദ് ഖാനായിരുന്നു പ്ലേയർ ഓഫ് ദി മാച്ച് അവാർഡും സ്വന്തമാക്കിയത്.

ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ പരാജയപെടുത്തുന്നത്. കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളിലും സി എസ് കെയെ ടൈറ്റൻസ് തകർത്തിരുന്നു. ഏപ്രിൽ നാലിന് ഡേവിഡ് വാർണർ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ അടുത്ത മത്സരം. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top