Skip to content

ജസ്പ്രീത് ബുംറയ്‌ക്ക് പകരക്കാരനായി മലയാളി പേസറെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്

പരിക്കിനെ തുടർന്ന് ഈ ഐ പി എൽ സീസണിൽ നിന്നും പുറത്തായ ജസ്പ്രീത് ബുംറയ്‌ക്ക് പകരക്കാരനായി മലയാളി പേസറായ സന്ദീപ് വാര്യരെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിന് മുൻപായി സന്ദീപ് വാര്യർ ടീമിനൊപ്പം ചേരും. ആഭ്യന്തര ക്രിക്കറ്റിൽ 200 ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള സന്ദീപ് വാര്യർ 362 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 68 ടി20 മത്സരങ്ങളിൽ നിന്നും 62 വിക്കറ്റും താരം നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ കേരള താരമായിരുന്ന സന്ദീപ് വാര്യർ നിലവിൽ തമിഴ്നാടിന് വേണ്ടിയാണ് കളിക്കുന്നത്.

2021 ൽ ശ്രീലങ്കയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച സന്ദീപ് വാര്യർ ഇതിന് മുൻപ് ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യൻസിലെ രണ്ടാമത്തെ മലയാളി താരം കൂടിയാണ് സന്ദീപ് വാര്യർ. ലേലത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു.