Skip to content

ക്യാപ്റ്റൻ നാഷണൽ ഡ്യൂട്ടിയിൽ. ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെ ഇന്ത്യൻ സീനിയർ താരം നയിക്കും

ഐ പി എൽ 2023 ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരബാദിനെ ടീമിലെ സീനിയർ ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ നയിക്കും. ഏപ്രിൽ രണ്ടിന് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെയാണ് സൺറൈസേഴ്സ് ഹൈദരബാദിൻ്റെ ആദ്യ മത്സരം.

സൗത്താഫ്രിക്കൻ താരം ഐയ്ഡൻ മാർക്രമാണ് സീസണിൽ സൺറൈസേഴ്സിനെ നയിക്കുന്നത്. എന്നാൽ മാർക്രം ഇതുവരെയും ടീം ക്യാമ്പിനൊപ്പം ചേർന്നിട്ടില്ല. നെതർലൻഡ്സിനെതിരെ നടക്കുന്ന ഏകദിന പരമ്പര കഴിഞ്ഞ ശേഷം ഏപ്രിൽ മൂന്നിനയിരിക്കും മാർക്രം ടീമിനൊപ്പം ചേരുക. ഇതാദ്യമായല്ല സൺറൈസേഴ്സിനെ ഭുവനേശ്വർ കുമാർ നയിക്കുന്നത്. ഇതിന് മുൻപ് 7 മത്സരങ്ങളിൽ ടീമിനെ ഇന്ത്യൻ പേസർ നയിച്ചിട്ടുണ്ട്. എന്നാലിതിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ടീം വിജയിച്ചത്.

കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത സൺറൈസേഴ്സ് ഇക്കുറി വൻ മാറ്റങ്ങളോടെയാണ് എത്തിയിരിക്കുന്നത്. ടീമിൻ്റെ ക്യാപ്റ്റനായിരുന്ന കെയ്ൻ വില്യംസണെ ലേലത്തിന് മുൻപായി ഒഴിവാക്കിയ സൺറൈസേഴ്സ് ഇംഗ്ലണ്ട് വെടിക്കെട്ട് താരം ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. ഇംഗ്ലണ്ട് താരം ആദിൽ റഷീദിനെ ടീമിലെത്തിച്ചുകൊണ്ട് ദുർബലമായിരുന്ന സ്പിൻ വിഭാഗവും ശക്തിപെടുത്താൻ സൺറൈസേഴ്സിന് സാധിച്ചു.

ഐ പി എൽ ടീമുകൾ മാറ്റുരച്ച സൗത്താഫ്രിക്കയുടെ പുതിയ ലീഗായ SA20 യിൽ ചാമ്പ്യന്മാരായത് ഐയ്ഡൻ മാർക്രം നയിച്ച സൺറൈസേഴ്സ് കേപ് ടൗണായിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് ഇക്കുറി സൺറൈസേഴ്സ് ഐ പി എൽ പോരിനെത്തുന്നത്.