Skip to content

അത് ഒരേസമയം മികച്ചതും ഭയപെടുത്തുന്നതുമായിരുന്നു. 2017 ൽ ധോണിയുടെ ക്യാപ്റ്റനായതിനെ കുറിച്ച് സ്റ്റീവ് സ്മിത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് ഒരേയൊരു വിദേശ താരം മാത്രമാണ് എം എസ് ധോണിയുടെ ക്യാപ്റ്റനായിട്ടുള്ളത്. അത് മറ്റാരുമല്ല ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത്. 2017 ൽ റൈസിങ് പൂനെ സൂപ്പർജയൻ്റിനെ നയിച്ചിരുന്നത് സ്റ്റീവ് സ്മിത്തായിരുന്നു. സീസൺ ആരംഭിക്കുന്നതിന് മുൻപെയാണ് ധോണിയെ മാറ്റികൊണ്ട് ടീം സ്മിത്തിനെ ക്യാപ്റ്റനാക്കിയത്.

ആ അനുഭവം ഒരേസമയം മികച്ചതും ഭയപെടുത്തുന്നതുമായിരുന്നുവെന്ന് പ്രതികരിച്ചിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. ടീം ഫൈനലിലെത്തിയതിൽ ധോണിയുടെ തീരുമാനങ്ങൾ സഹായിച്ചിരുന്നുവെന്നും സ്മിത്ത് തുറന്നുപറഞ്ഞു.

” ഇത്രയും കാലം കൊണ്ട് അദ്ദേഹം ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചുവെന്ന് അറിയാമല്ലോ. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ്. അതുകൊണ്ട് തന്നെ ടീമിന് എന്നെ ക്യാപ്റ്റനാക്കണമെന്ന കോൾ വന്നപ്പോൾ അതെന്നെ ഭയപെടുത്തിയിരുന്നു. പക്ഷേ ആ സീസൺ ധോണി ഗംഭീരമായിരുന്നു. കഴിയാവുന്ന വിധത്തിലെല്ലാം അദ്ദേഹം സഹായിച്ചു. അദ്ദേഹമൊരു നല്ല വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ ക്യാപ്റ്റനാകാൻ കഴിഞ്ഞത് മികച്ചതും അൽപ്പം ഭയപെടുത്തുന്നതുമായ അനുഭവമായിരുന്നു. ” സ്മിത്ത് പറഞ്ഞു.

” കളിക്കളത്തിൽ ഐഡിയകൾക്കായി ഞാൻ അദ്ദേഹത്തെ സമീപിച്ചിരുന്നു. സ്റ്റമ്പിന് പുറകിൽ ഏറ്റവും മികച്ച കാഴ്ച്ചലഭിക്കുന്നത് അദ്ദേഹത്തിനാണെന്ന് എനിക്കറിയാം. കൂടാതെ മത്സരങ്ങൾ നടക്കുന്നത് ഇന്ത്യയിലും ആ സാഹചര്യങ്ങൾ മറ്റാരേക്കാളും നന്നായി അദ്ദേഹത്തിന് അറിയാം. കളിക്കളത്തിൽ ധോണിയിൽ നിന്നും കഴിയാവുന്നത്ര അറിവ് നേടാൻ ശ്രമിച്ചില്ലെങ്കിൽ ഞാൻ മണ്ടനാകുമായിരുന്നു. അദ്ദേഹവും സഹകരിച്ചു. ” സ്റ്റീവ് സ്മിത്ത് കൂട്ടിച്ചേർത്തു.