Skip to content

പഞ്ചാബിന് വീണ്ടും പണികൊടുത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഐ പി എൽ പതിനാറാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിനൊരുങ്ങുന്ന പഞ്ചാബ് കിങ്സിന് കനത്ത തിരിച്ചടി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ടീമിലെ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ലിയാം ലിവിങ്സ്റ്റൺ കളിക്കില്ല.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ നിന്നും ഫിറ്റ്നസ് ക്ലിയറൻസ് ലഭിക്കാൻ വൈകുന്നതിനാലാണ് താരത്തിന് ആദ്യ മത്സരം നഷ്ടമാകുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് താരത്തിന് പരിക്ക് പറ്റിയത്. ലിവിങ്സ്റ്റൻ്റെ ഫിറ്റ്നസ് നിർണയിക്കാൻ നിലവിൽ വിവിധ സ്കാനുകൾ നടത്തികൊണ്ടിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഇതിന് ശേഷമായിരിക്കും താരത്തിന് കളിക്കാനുള്ള അനുമതി ബോർഡ് നൽകുക.

നേരത്തെ ടീമിലെ മറ്റൊരു ഇംഗ്ലണ്ട് താരമായ ജോണി ബെയർസ്റ്റോയ്ക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഐ പി എല്ലിൽ കളിക്കാനുള്ള noc നിഷേധിച്ചിരുന്നു. ആഷസ് വരാനിരിക്കെയാണ് മുൻകരുതലെന്ന നിലയിൽ ബോർഡ് ഈ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിനായി തകർപ്പൻ പ്രകടനമാണ് ലിവിങ്സ്റ്റൺ കാഴ്ച്ചവെച്ചത്. 14 മത്സരങ്ങളിൽ നിന്നും 180 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 437 റൺസും കൂടാതെ 6 വിക്കറ്റും താരം നേടിയിരുന്നു. ആദ്യ മത്സരത്തിൽ ടീമിലെ സ്റ്റാർ പേസർ കഗിസോ റബാഡയും കളിക്കില്ല. നെതർലൻഡ്സിനെതിരെ ഏകദിന പരമ്പര നടക്കുന്നതിനാലാണ് താരത്തിന് ആദ്യ മത്സരം നഷ്ടമാകുക.