Skip to content

ബിസിസിഐ കണ്ണുരുട്ടി. ഇൻഡോർ പിച്ചിൻ്റെ മോശം റേറ്റിങ് പിൻവലിച്ച് ഐസിസി

ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വേദിയായ ഇൻഡോർ പിച്ചിന് നൽകിയ മോശം റേറ്റിങ് പിൻവലിച്ച് ഐസിസി. ബിസിസിഐ നൽകിയ അപ്പീലിന് പുറകെയാണ് ഐസിസി റേറ്റിങ് പിൻവലിച്ചത്.

ഓസ്ട്രേലിയ 9 വിക്കറ്റിന് വിജയിച്ച മത്സരം വെറും 7 സെഷൻ മാത്രമാണ് നീണ്ടുനിന്നത്. മത്സരത്തിൽ വീണ 31 വിക്കറ്റുകളിൽ 26 വിക്കറ്റും നേടിയത് സ്പിന്നർമാരായിരുന്നു. ഇതിന് പുറകെയാണ് മാച്ച് റഫറി പിച്ചിന് മോശം റേറ്റിങ് നൽകിയത്. ഇതോടെ 3 ഡീമെറിറ്റ് പോയിൻ്റ് പിച്ചിന് ശിക്ഷയായി ലഭിച്ചു. എന്നാലിപ്പോൾ അപ്പീലിന് ശേഷം റേറ്റിങിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഐസിസി. മോശം റേറ്റിങിന് പകരം പിച്ചിൻ്റെ റേറ്റിങ് ശരാശരിയിലും താഴെയെന്ന് ഐസിസി വിധിയെഴുതി. ഇതോ മൂന്ന് ഡീമെറിറ്റ് പോയിൻ്റിന് പകരം ഒരു ഡീമെറിറ്റ് പോയിൻ്റ് മാത്രമാണ് ശിക്ഷയായി ലഭിക്കുക.

മോശം റേറ്റിങ് നൽകാൻ മാത്രമുള്ള വേരിയബിൾ ബൗൺസ് പിച്ചിനില്ലയെന്നാണ് അപ്പീലിൽ ഐസിസിയുടെ വിലയിരുത്തൽ.

മറ്റു മത്സരങ്ങൾ നടന്ന നാഗ്പൂർ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പിച്ചിന് ശരാശരി റേറ്റിങ്ങാണ് ഐസിസി നൽകിയത്. പരമ്പരയിലെ വേദിയായി ഇൻഡോറിനെ ബിസിസിഐ പരിഗണിച്ചിരുന്നില്ല. മൂന്നാം ടെസ്റ്റ് ധർമ്മശാലയിലാണ് ബിസിസിഐ ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ ധർമ്മശാലയിലെ ഔട്ട് ഫീൽഡ് മഞ്ഞുവീഴച്ചയെ തുടർന്ന് നശിച്ചതിനാലാണ് മത്സരം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.