Skip to content

സഞ്ജു സാംസണ് ആദ്യമായി ബിസിസിഐ വാർഷിക കരാർ

മലയാളികളുടെ അഭിമാന കായികതാരമായ സഞ്ജു സാംസണ് ആദ്യമായി ബിസിസിഐ വാർഷിക കരാർ. ബിസിസിഐ പുറത്തുവിട്ട പുതിയ കരാർ ലിസ്റ്റിലാണ് സഞ്ജുവും ഇടംപിടിച്ചിരിക്കുന്നത്.

2022 ഒക്ടോബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള കാലയളവിലെ കരാർ ലിസ്റ്റാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റ് പ്രകാരം ഗ്രേഡ് സിയിലാണ് സഞ്ജു സാംസൺ ഇടംപിടിച്ചിരിക്കുന്നത്. ഒരു കോടിയാണ് സി ലിസ്റ്റിലുള്ളവർക്ക് ലഭിക്കുക. സഞ്ജു അടക്കം 11 പേരാണ് ഗ്രേഡ് സിയിലുള്ളത്. ഉമേഷ് യാദവ് ശിഖാർ ധവാൻ, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്വെന്ദ്ര ചഹാൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, കെ എസ് ഭരത് എന്നിവരാണ് ലിസ്റ്റിലുള്ള മറ്റു താരങ്ങൾ.

ചേതേശ്വർ പുജാര, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മൊഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവരാണ് ബി ഗ്രേഡിലുള്ള താരങ്ങൾ. ഹാർദിക്ക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, മൊഹമ്മദ് ഷാമി, റിഷഭ് പന്ത്, അക്ഷർ പട്ടേൽ എന്നിവരാണ് എ ഗ്രേഡിലുള്ളത്. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് ഗ്രേഡിലുള്ള താരങ്ങൾ. എ പ്ലസ് ഗ്രേഡിലുള്ളവർക്ക് ഏഴ് കോടിയും എ ഗ്രേഡിലുള്ളവർക്ക് അഞ്ച് കോടിയും ബി ഗ്രേഡിലുള്ളവർക്ക് 3 കോടിയുമായിരിക്കും ലഭിക്കുക.