അന്ന് പോണ്ടിങിന് ഗിബ്സ്. ഇക്കുറി ചാൾസിന് ഡീകോക്ക്. ലോക റെക്കോഡ് സ്വന്തമാക്കി സൗത്താഫ്രിക്ക

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി സൗത്താഫ്രിക്ക. 259 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നാണ് മത്സരത്തിൽ 6 വിക്കറ്റിൻ്റെ വിജയം സൗത്താഫ്രിക്ക സ്വന്തമാക്കിയത്.

സെഞ്ചുറി നേടിയ ഓപ്പണർ ക്വിൻ്റൺ ഡീകോക്കിൻ്റെ സെഞ്ചുറി മികവിലാണ് മത്സരത്തിൽ സൗത്താഫ്രിക്ക വിജയം കുറിച്ചത്. 259 റൺസിൻ്റെ വിജയലക്ഷ്യം 7 പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് സൗത്താഫ്രിക്ക മറികടന്നത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയകരമായ റൺ ചേസാണിത്. ഇതിന് മുൻപ് മറ്റൊരു ടീമും 250 ന് മുകളിൽ വിജയലക്ഷ്യം അന്താരാഷ്ട്ര ടി20 യിൽ പിൻതുടർന്ന് വിജയിച്ചിട്ടില്ല. 2006 ലെ സൗത്താഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള ചരിത്ര ഏകദിനം ഓർമിപ്പിക്കുന്നതായിരുന്നു ഇന്നത്തെ മത്സരം. അന്ന് 164 റൺസ് നേടിയ റിക്കി പോണ്ടിങിൻ്റെ മികവിൽ ഓസ്ട്രേലിയ ഉയർത്തിയ 435 റൺസിൻ്റെ വിജയലക്ഷ്യം 175 റൺസ് നേടിയ ഹെർഷൽ ഗിബ്സിൻ്റെ മികവിൽ 49.5 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നിരുന്നു.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ റൺചേസ് ഇപ്പോഴും ആ മത്സരം വിജയിച്ച സൗത്താഫ്രിക്കയുടെ പേരിലാണുള്ളത്. ഇതിന് പുറകെയാണ് അന്താരാഷ്ട്ര ടി20 യിലും ഈ റെക്കോർഡ് സൗത്താഫ്രിക്ക സ്വന്തമാക്കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top