Skip to content

ഡീകോക്കിലൂടെ തിരിച്ചടിച്ച് സൗത്താഫ്രിക്ക. വെസ്റ്റിൻഡീസിനെതിരെ അഭിമാന വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. 259 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നാണ് സൗത്താഫ്രിക്ക വിജയം കുറിച്ചത്.

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 259 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. ചാൾസിൻ്റെ സെഞ്ചുറിയ്ക്ക് ഡീകോക്കിലൂടെയാണ് സൗത്താഫ്രിക്ക മറുപടി നൽകിയത്. 43 പന്തിൽ സെഞ്ചുറി നേടിയ ഡീകോക്ക് 44 പന്തിൽ 8 ഫോറും 8 സിക്സും അടക്കം 100 റൺസ് നേടിയാണ് പുറത്തായത്.

ഡീകോക്കിനൊപ്പം 28 പന്തിൽ 11 ഫോറും 2 സിക്സുമടക്കം 68 റൺസ് നേടിയ റീസ ഹെൻഡ്രിക്സിൻ്റെയും 21 പന്തിൽ പുറത്താകാതെ 38 റൺസ് നേടിയ ക്യാപ്റ്റൻ ഐയ്ഡൻ മാർക്രത്തിൻ്റെയും മികവിലാണ് സൗത്താഫ്രിക്ക വിജയം കുറിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 39 പന്തിൽ സെഞ്ചുറി നേടിയ ജോൺസൺ ചാൾസിൻ്റെ മികവിലാണ് വമ്പൻ സ്കോർ നേടിയത്. 46 പന്തിൽ 10 ഫോറും 11 സിക്സും ഉൾപ്പടെ 118 റൺസ് നേടിയാണ് താരം പുറത്തായത്. 27 പന്തിൽ 51 റൺസ് നേടിയ കേയ്ൽ മെയേഴ്സും 18 പന്തിൽ 41 റൺസ് നേടിയ റോമാറിയോ ഷേപ്പേർഡും വിൻഡീസിനായി തകർത്തടിച്ചു.

സൗത്താഫ്രിക്കയുടെ വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. മാർച്ച് 28 നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.