Skip to content

ക്യാപ്റ്റൻ പോവൽ കസറി. സൗത്താഫ്രിക്കയ്ക്കെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം. മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു വിൻഡീസിൻ്റെ വിജയം.

സൗത്താഫ്രിക്ക 11 ഓവറിൽ ഉയർത്തിയ 132 റൺസിൻ്റെ വിജയലക്ഷ്യം 10.3 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് മറികടന്നു.18 പന്തിൽ ഒരു ഫോറും 5 സിക്സും ഉൾപ്പടെ 43 റൺസ് നേടിയ ക്യാപ്റ്റൻ റോവ്മാൻ പോവലിൻ്റെ മികവിലാണ് വെസ്റ്റിൻഡീസ് വിജയം കുറിച്ചത്. ജോൺസൺ ചാൾസ് 14 പന്തിൽ 28 റൺസും ബ്രാൻഡൻ കിങ് 8 പന്തിൽ 23 റൺസും നേടി മികവ് പുലർത്തി.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി രണ്ടോവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മഗാല മാത്രമാണ് തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം 22 പന്തിൽ 4 ഫോറും 3 സിക്സും ഉൾപ്പടെ 48 റൺസ് നേടിയ ഡേവിഡ് മില്ലറിൻ്റെയും 5 പന്തിൽ 18 റൺസ് നേടിയ മഗാലയുടെയും മികവിലാണ് മികച്ച സ്കോർ നേടിയത്. വിൻഡീസിനായി ഒഡിയൻ സ്മിത്ത്, കോട്രൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ വിൻഡീസ് 1-0 ന് മുൻപിലെത്തി. ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.