Skip to content

ഹാട്രിക്ക് നേടി ഇസി വോങ്. യു പിയെ തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

എലിമിനേറ്റർ പോരാട്ടത്തിൽ യു പി വാരിയേഴ്സിനെ തകർത്ത് വുമൺസ് പ്രീമിയർ ലീഗ് ഫൈനലിൽ പ്രവേശിച്ച് മുംബൈ ഇന്ത്യൻസ്. 72 റൺസിൻ്റെ ആധികാരിക വിജയം നേടികൊണ്ടാണ് മുംബൈ ഇന്ത്യൻസ് ഫൈനലിലെത്തിയിരിക്കുന്നത്. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ മുംബൈ ഇന്ത്യൻസ് നേരിടും.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 183 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന യു പി വാരിയേഴ്സിന് 17.4 ഓവറിൽ 110 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഹാട്രിക്ക് അടക്കം നാലോവറിൽ 15 റൺസ് മാത്രം നാല് വിക്കറ്റ് വീഴ്ത്തിയ ഇസി വോങ്ങാണ് യു പിയെ തകർത്തത്.

പതിമൂന്നാം ഓവറിലെ രണ്ടാം പന്തിൽ കിരൺ നാവ്ഗൈർ, മൂന്നാം പന്തിൽ സിമ്രാൻ ഷെയ്ഖ്, നാലാം പന്തിൽ സോഫി എക്ലെസ്റ്റോൺ എന്നിവരെ പുറത്താക്കികൊണ്ടാണ് ഇംഗ്ലണ്ട് താരം ഹാട്രിക്ക് നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 38 പന്തിൽ 9 ഫോറും 2 സിക്സും ഉൾപ്പടെ പുറത്താകാതെ 72 റൺസ് നേടിയ നാറ്റ് സ്കിവർ, 19 പന്തിൽ 29 റൺസ് നേടിയ അമെലിയ കെർ എന്നിവരുടെ മികവിലാണ് വമ്പൻ സ്കോർ കുറിച്ചത്.

മാർച്ച് 26 ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ക്യാപിറ്റൽസ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്.