Skip to content

അയർലൻഡ് 101 ന് പുറത്ത്. ചരിത്രത്തിൽ ആദ്യമായി ആ നേട്ടം കൈവരിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർന്നടിഞ്ഞ് അയർലൻഡ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 28.1 ഓവറിൽ 101 റൺസ് നേടുന്നതിനിടെ ഓൾ ഔട്ടായി.

8.1 ഓവറിൽ 32 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹസൻ മഹ്മൂദാണ് അയർലൻഡിനെ തകർത്തത്. ടസ്കിൻ അഹമ്മദ് 10 ഓവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും എബാദത് ഹൊസൈൻ 29 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

31 പന്തിൽ 28 റൺസ് നേടിയ ടോഡ് ടക്കറും 36 റൺസ് നേടിയ കർടിസ് കാംഫറും മാത്രമാണ് അയർലൻഡ് നിരയിൽ രണ്ടക്കം കടന്നത്. ഏകദിന ചരിത്രത്തിൽ ഇതാദ്യമായാണ് ബംഗ്ലാദേശ് പേസ് ബൗളർമാർ ഒരു ഇന്നിങ്സിൽ എതിർടീമിൻ്റെ 10 വിക്കറ്റും വീഴ്ത്തുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് 183 റൺസിൻ്റെ വമ്പൻ വിജയം നേടിയിരുന്നു. രണ്ടാം മത്സരമാകട്ടെ മഴമൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ഏകദിന പരമ്പരയ്ക്ക് ശേഷം മാർച്ച് 27 ന് ഇരുടീമുകളും തമ്മിലുള്ള ടി20 പരമ്പര ആരംഭിക്കും.