Skip to content

മികവ് പുലർത്തി പാണ്ഡ്യയും കുൽദീപും. ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിലൊതുക്കി ഇന്ത്യ

ചെന്നൈയിൽ പുരോഗമിക്കുന്ന മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിലൊതുക്കി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് 49 ഓവറിൽ 269 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

ഹാർദിക്ക് പാണ്ഡ്യയുടെയും കുൽദീപ് യാദവിൻ്റെയും തകർപ്പൻ ബൗളിങ് മികവിലാണ് ഇന്ത്യ ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിൽ പുറത്താക്കിയത്. കുൽദീപ് യാദവ് പത്തോവറിൽ 56 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഹാർദിക്ക് പാണ്ഡ്യ 8 ഓവറിൽ 44 റൺസ് വഴങ്ങി വിക്കറ്റുകൾ വീഴ്ത്തി. ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മിച്ചൽ മാർഷ് എന്നിവരുടെ വിക്കറ്റുകളാണ് ഹാർദിക്ക് പാണ്ഡ്യ വീഴ്ത്തിയത്. മൊഹമ്മദ് സിറാജ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

47 പന്തിൽ 47 റൺസ് നേടിയ മിച്ചൽ മാർഷാണ് തുടർച്ചയായ മൂന്നാം മത്സരത്തിലും ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. അലക്സ് കാരി 38 റൺസും ട്രാവിസ് ഹെഡ് 33 റൺസും നേടി പുറത്തായപ്പോൾ ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ഡേവിഡ് വാർണർ 23 റൺസ് നേടി പുറത്തായി.

പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് ഉള്ളത്. ആദ്യ മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ 10 വിക്കറ്റിൻ്റെ വിജയം നേടിയിരുന്നു.