Skip to content

ഐസിസി റാങ്കിങിൽ കെയ്ൻ വില്യംസൻ്റെ കുതിപ്പ്. ഇന്ത്യയുടെ അഭിമാനമായി റിഷഭ് പന്ത്

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ കുതിപ്പുമായി ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൻ. ആദ്യ ടെസ്റ്റിൽ സെഞ്ചുറിയും രണ്ടാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറിയും നേടിയ വില്യംസൺ റാങ്കിങിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.

നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ട്രാവിസ് ഹെഡ്, ബാബർ അസം, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരെ പിന്നിലാക്കികൊണ്ട് വില്യംസൻ രണ്ടാം സ്ഥാനത്തെത്തിയത്. 883 റേറ്റിങ് പോയിൻ്റ് നിലവിൽ വില്യംസനുണ്ട്. 51 പോയിൻ്റാണ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ വില്യംസൺ സ്വന്തമാക്കിയത്. പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ നിന്നും 168.50 ശരാശരിയിൽ 337 റൺസ് വില്യംസൺ നേടിയിരുന്നു. 915 റേറ്റിങ് പോയിൻ്റോടെ മാർനസ് ലാബുഷെയ്നാണ് ഒന്നാം സ്ഥാനത്തുള്ളത്.

പുതിയ അപ്ഡേറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ പത്തിൽ നിന്നും പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യൻ താരമായി റിഷഭ് പന്ത് മാറി. 766 റേറ്റിങ് പോയിൻ്റോടെ ഒമ്പതാം സ്ഥാനത്താണ് പന്തുള്ളത്.

ഏകദിന റാങ്കിങിലോട്ട് വരുമ്പോൾ ഇന്ത്യയുടെ മൊഹമ്മദ് സിറാജിന് ഒന്നാം സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സിറാജിന് സാധിച്ചിരുന്നില്ല. ഇതോടെ ഓസ്ട്രേലിയയുടെ ജോഷ് ഹെസൽവുഡ് ഒന്നാം സ്ഥാനത്തെത്തി. ട്രെൻഡ് ബോൾട്ട് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മൊഹമ്മദ് സിറാജ് 702 റേറ്റിങ് പോയിൻ്റോടെ മിച്ചൽ സ്റ്റാർക്കിനൊപ്പം മൂന്നാം സ്ഥാനം പങ്കിട്ടു.