Skip to content

കൊൽക്കത്തയ്‌ക്ക് ഞെട്ടൽ. സൂപ്പർതാരം സീസണിൽ നിന്നും പുറത്ത്

ഐ പി എൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കനത്ത തിരിച്ചടി. ടീമിൻ്റെ ക്യാപ്റ്റനായ ശ്രേയസ് അയ്യർക്ക് പരിക്ക് മൂലം ഈ സീസണിൽ കളിക്കാനാകില്ല. നേരത്തെ ഏതാനും മത്സരങ്ങൾ മാത്രം അയ്യർക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകളുണ്ടായിരുന്നത്. എന്നാൽ പുതിയ റിപോർട്ടുകൾ അനുസരിച്ച് താരത്തിന് സീസണിൽ കളിക്കാനാകില്ല.

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനിടെയാണ് അയ്യർ വീണ്ടും പരിക്കിൻ്റെ പിടിയിലായത്. മത്സരത്തിൽ ബാറ്റ് ചെയ്യുവാൻ അയ്യർക്ക് സാധിച്ചിരുന്നില്ല. റിപ്പോർട്ടുകൾ സർജറിയ്‌ക്ക് വിധേയനാകുന്ന അയ്യർക്ക് അഞ്ച് മാസകാലം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കേണ്ടിവരും. ഇതോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും താരം കളിക്കില്ലെന്ന് ഉറപ്പായി. റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരുടെ അഭാവത്തിന് പുറമെ അയ്യരെയും കൂടെ നഷ്ടമാകുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും.

വരും ദിവസങ്ങളിൽ അയ്യർക്ക് പകരക്കാരനെയും പുതിയ ക്യാപ്റ്റനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്രഖ്യാപിക്കും. ഏപ്രിൽ ഒന്നിന് പഞ്ചാബ് കിങ്സിനെതിരെയാണ് കെ കെ ആറിൻ്റെ ആദ്യ മത്സരം. ആന്ദ്രേ റസ്സൽ, ടിം സൗത്തീ, ഷാക്കിബ് അൽ ഹസൻ, സുനിൽ നറെയ്ൻ, നിതീഷ് റാണ എന്നിവരാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുൻപിലുള്ള ക്യാപ്റ്റൻസി ഓപ്ഷനുകൾ.