Skip to content

ഐസിസി ഏകദിന ലോകകപ്പ്. അന്തിമ പട്ടികയിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയമില്ല

ഐസിസി ഏകദിന ലോകകപ്പ് ഒക്ടോബർ അഞ്ചിന് തുടങ്ങി നവംബർ 19 ന് അവസാനിച്ചേക്കുമെന്ന് റിപോർട്ടുകൾ. അഹമ്മദാബദ് നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഫൈനൽ പോരാട്ടത്തിന് വേദിയാവുക. 11 വേദികളെ സാധ്യത ലിസ്റ്റിൽ ബിസിസിഐ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ധർമ്മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, ഇൻഡോർ, രാജ്കോട്ട്, മുംബൈ എന്നീ വേദികളെയാണ് അന്തിമ പട്ടികയിൽ അഹമ്മദാബാദിന് പുറമെ ബിസിസിഐ ഉൾപ്പെടുത്തിയത്. മലയാളികൾക്ക് നിരാശ സമ്മാനിച്ചുകൊണ്ട് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം അന്തിമ ലിസ്റ്റിൽ ഉൾപെട്ടിട്ടില്ല. മൺസൂൺ ആശങ്ക മൂലമാണ് വേദികൾ നിർണയിക്കുന്നതിൽ കാലതാമസമുണ്ടാക്കുന്നത്.

ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിൽ രണ്ട് പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. ഒന്ന് ടാക്സ് ഇളവും മറ്റൊന്ന് പാകിസ്ഥാൻ താരങ്ങളുടെ വിസ പ്രശ്നവും. പാകിസ്ഥാന് വിസ ഉറപ്പാക്കുമെന്ന് ബിസിസിഐ ഐസിസിയോട് അറിയിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ടാക്സ് ഇളവിൻ്റെ കാര്യത്തിൽ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. ടാക്സ് ഇളവ് കേന്ദ്ര സർക്കാർ അനുവദിച്ചില്ലെങ്കിൽ അത് ബിസിസിഐയുടെ വരുമാനത്തിൽ നിന്നും ഐസിസി ഈടാക്കും.

ഗവൺമെൻ്റ് 21.84 ശതമാനം ടാക്സ് ഏർപ്പെടുത്തിയാൽ വരുമാനത്തിൽ നിന്നും 900 കോടിയിലധികം രൂപ ബിസിസിഐ ഐസിസിയ്ക്ക് നൽകേണ്ടിവരും. 10.92 ശതമാനമാക്കി കുറയ്ക്കാൻ സാധിച്ചാൽ വരുമാനനഷ്ടം 400 കോടിയിലേക്ക് ചുരുക്കാൻ ബിസിസിഐയ്ക്ക് സാധിക്കും.