Skip to content

യു പിയ്ക്കെതിരെ തകർപ്പൻ വിജയം. ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ

യു പി വാരിയേഴ്സിനെ 5 വിക്കറ്റിന് തകർത്തുകൊണ്ട് പ്രഥമ വുമൺസ് പ്രീമിയർ ലീഗിൽ ഫൈനലിൽ പ്രവേശിച്ച് ഡൽഹി ക്യാപിറ്റൽസ്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായതോടെയാണ് ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ മറികടന്ന് നേരിട്ട് ഫൈനലിൽ പ്രവേശിച്ചത്.

ഇതോടെ ഫൈനലിന് മുൻപായി നടക്കുന്ന എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസും യു പി വാരിയേഴ്സും തമ്മിൽ ഏറ്റുമുട്ടും. എട്ടിൽ ആറ് മത്സരങ്ങൾ വീതം വിജയിച്ച് 12 പോയിൻ്റാണ് ഡൽഹിയും മുംബൈ ഇന്ത്യൻസും നേടിയതെങ്കിലും നെറ്റ് റൺ റേറ്റിൽ മുന്നിലെത്തിയതോടെയാണ് ഡൽഹി ക്യാപിറ്റൽസ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിൽ പ്രവേശിച്ചത്.

മത്സരത്തിൽ യു പി വാരിയേഴ്സ് ഉയർത്തിയ 139 റൺസിൻ്റെ വിജയലക്ഷ്യം 17.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് മറികടന്നു. 23 പന്തിൽ 39 റൺസ് നേടിയ ക്യാപ്റ്റൻ മെഗ് ലാന്നിങും പന്തിൽ 31 റൺസ് 34 നേടിയ ആലിസ് കാപ്സെയും 34 റൺസ് നേടിയ മറിസൻ കാപ്പെയുമാണ് ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയം സമ്മാനിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത യു പി വാരിയേഴ്സ് 32 പന്തിൽ പുറത്താകാതെ 58 റൺസ് നേടിയ ടാലിയ മഗ്രാത്തിൻ്റെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ക്യാപ്റ്റൻ അലിസ ഹീലി 36 റൺസ് നേടി.