Skip to content

ഏകദിന ക്രിക്കറ്റ് സി സി എല്ലിൻ്റെ പാത പിന്തുടരണം. വ്യത്യസ്ത നിർദ്ദേശവുമായി സച്ചിൻ ടെണ്ടുൽക്കർ

ലോക ക്രിക്കറ്റ് ടി20 ക്രിക്കറ്റിലേക്കും ഫ്രാഞ്ചൈസി ലീഗുകളിലേക്കും കൂടൂതൽ ശ്രദ്ധ കേന്ദ്രീകരിക്കവെ ക്രിക്കറ്റിലെ ദൈർഘ്യമേറിയ ഫോർമാറ്റുകളുടെ ജനപ്രീതിയിൽ വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ഫുൾ മെമ്പർ രാജ്യങ്ങളിൽ ഇപ്പോഴും വലിയ ജനപ്രീതി നിലനിർത്തുമ്പോൾ മുൻ താരങ്ങൾ അടക്കമുള്ളവർ ഏകദിന ക്രിക്കറ്റിൻ്റെ ഭാവിയെ കുറിച്ചാണ് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഏകദിന ക്രിക്കറ്റിനെ ആവേശകരമാക്കുവാൻ വ്യത്യസ്തമായ നിർദ്ദേശം മുൻപോട്ട് വെച്ചിരിക്കുകയാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ഏകദിന ക്രിക്കറ്റ് ടെസ്റ്റ് ക്രിക്കറ്റിലേത് പോലെ നാല് ഇന്നിങ്സായി മാറ്റണമെന്ന നിർദ്ദേശമാണ് സച്ചിൻ മുൻപോട്ട് വെച്ചിരിക്കുന്നത്.

നിലവിൽ ഏകദിന ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ രണ്ട് ന്യൂ ബോൾ ഉപയോഗിക്കുന്നതിനാൽ ബൗളർമാർക്ക് റിവേഴ്സ് സ്വിങ് ലഭിക്കുന്നില്ലെന്നും പതിനഞ്ചാം ഓവർ മുതൽ നാൽപ്പതാം ഓവർ വരെ ഏകദിന ക്രിക്കറ്റ് ബോറടിപ്പിക്കുകയാണെന്നും സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു. ആദ്യ പകുതിയിൽ രണ്ട് ടീമുകൾക്കും ബൗൾ ചെയ്യാൻ സാധിക്കുമെന്നും മൂന്ന് ഇന്നിങ്സ് ഇടവേളകൾ ഉള്ളതിനാൽ വാണിജ്യപരമായി അത് ഗുണം ചെയ്യുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ടി20 ക്രിക്കറ്റ് ഇപ്പറഞ്ഞ രീതിയിൽ നാല് ഇന്നിങ്സുകളായി കളിച്ചിരുന്നു. പക്ഷേ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ സ്വീകാര്യത ഈ ഫോർമാറ്റിന് ലഭിച്ചില്ല.