Skip to content

ഡബിൾ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി കെയ്ൻ വില്യംസൺ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മുൻ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ കാഴ്ച്ചവെച്ചത്. ഡബിൾ സെഞ്ചുറി നേടിയ താരത്തിൻ്റെയും ഹെൻറി നിക്കോൾസിൻ്റെയും മികവിലാണ് വമ്പൻ സ്കോർ ന്യൂസിലൻഡ് കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ചരിത്ര റെക്കോഡ് കുറിച്ചിരിക്കുകയാണ് വില്യംസൺ.

296 പന്തിൽ 23 ഫോറും 2 സിക്സും ഉൾപ്പടെ 215 റൺസ് നേടിയാണ് വില്യംസൺ പുറത്തായത്. വില്യംസനൊപ്പം 240 പന്തിൽ 200 റൺസ് നേടി പുറത്താകാതെ നിന്ന ഹെൻറി നിക്കോൾസും ന്യൂസിലൻഡിനായി മികവ് പുലർത്തി. ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 580 റൺസ് നേടിയാണ് ന്യൂസിലൻഡ് ഡിക്ലയർ ചെയ്തത്.

ടെസ്റ്റ് ക്രിക്കറ്റിലെ വില്യംസൻ്റെ 28 ആം സെഞ്ചുറിയും ആറാം ഡബിൾ സെഞ്ചുറിയുമാണിത്. ഡബിൾ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസും കെയ്ൻ വില്യംസൺ പൂർത്തിയാക്കി. മത്സരത്തിലെ പ്രകടനം അടക്കം 94 മത്സരങ്ങളിൽ നിന്നും 54.89 ശരാശരിയിൽ 8124 റൺസ് വില്യംസൺ നേടിയിട്ടുണ്ട്. ടെസ്റ്റിൽ 8000 റൺസ് പിന്നിടുന്ന ആദ്യ ന്യൂസിലൻഡ് ബാറ്ററെന്ന ചരിത്ര റെക്കോർഡും വില്യംസൺ സ്വന്തമാക്കി.

ഫാബ് ഫോറിൽ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തുവാൻ വില്യംസണ് സാധിച്ചു. 29 സെഞ്ചുറി നേടിയ റൂട്ടും 30 സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തുമാണ് മുൻപിലുള്ളത്. കൂടാതെ ഡബിൾ സെഞ്ചുറികളുടെ എണ്ണത്തിൽ റൂട്ടിനെ പിന്നിലാക്കി വില്യംസൺ രണ്ടാമതെത്തി. ഏഴ് ഡബിൾ സെഞ്ചുറികളുമായി കോഹ്ലിയാണ് ഫാബ് ഫോറിൽ ഡബിൾ സെഞ്ചുറികളുടെ എണ്ണത്തിൽ ഒന്നാമൻ.