തള്ളിപറഞ്ഞവരും കയ്യടിച്ചു. കെ എൽ രാഹുലിനെ പ്രശംസിച്ച് വെങ്കടേഷ് പ്രസാദ്

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. കെ എൽ രാഹുലിൻ്റെ വിമർശകരിൽ പ്രധാനിയായിരുന്നു വെങ്കടേഷ് പ്രസാദ്. ടെസ്റ്റ് പരമ്പരയ്ക്കിടെ രൂക്ഷമായ ഭാഷയിൽ വെങ്കടേഷ് പ്രസാദ് കെ എൽ രാഹുലിനെ വിമർശിച്ചിരുന്നു.

ആരും കയ്യടിച്ച് പോകുന്ന പ്രകടനം തന്നെയായിരുന്നു മത്സരത്തിൽ കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. മുൻനിര തകർന്നടിഞ്ഞപ്പോൾ ആറാം വിക്കറ്റിൽ ജഡേജയെ കൂട്ടുപിടിച്ച് സെഞ്ചുറി കൂട്ടുകെട്ടുമായി കെ എൽ രാഹുൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 91 പന്തിൽ 7 ഫോറും ഒരു സിക്സും ഉൾപ്പടെ പുറത്താകാതെ 75 റൺസ് കെ എൽ രാഹുൽ നേടിയിരുന്നു.

തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു കെ എൽ രാഹുലിനെ വെങ്കടേഷ് പ്രസാദ് പ്രശംസിച്ചത്. സമ്മർദ്ദത്തിന് കീഴിൽ സംയമനത്തോടെയുള്ള ഉജ്ജ്വല ഇന്നിങ്സായിരുന്നു കെ എൽ രാഹുലിൻ്റേതെന്നും രവീന്ദ്ര ജഡേജ മികച്ച പിന്തുണ നൽകിയതോടെ മികച്ച വിജയം ഇന്ത്യയ്ക്ക് ലഭിച്ചുവെന്നും മുൻ ഇന്ത്യൻ താരം തൻ്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

ഏകദിന ക്രിക്കറ്റിൽ അഞ്ചാമനായി കഴിഞ്ഞ 7 ഇന്നിങ്സിൽ 55 ന് മുകളിൽ ശരാശരിയിൽ 280 റൺസ് കെ എൽ രാഹുൽ നേടിയിട്ടുണ്ട്.