മികച്ച പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങികൊണ്ടിരുന്ന താരത്തിൻ്റെ ഗംഭീര തിരിച്ചുവരവിനാണ് മത്സരം സാക്ഷ്യം വഹിച്ചത്.
189 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടരവെ 16 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് കെ എൽ രാഹുൽ ക്രീസിലെത്തിയത്. സ്റ്റാർക്കിൻ്റെ ഹാട്രിക്ക് ബോളിൽ ഫോർ നേടികൊണ്ടാണ് രാഹുൽ അക്കൗണ്ട് തുറന്നത്. പിന്നീട് 39 ന് നാല് വിക്കറ്റും 83 റൺസിന് 5 വിക്കറ്റും നഷ്ടപെട്ടുവെങ്കിലും കെ എൽ രാഹുൽ ഒരറ്റത്ത് പതറാതെ പിടിച്ചുനിന്നതോടെയാണ് ഇന്ത്യ മത്സരത്തിൽ വിജയം കുറിച്ചത്.
അഞ്ചാം വിക്കറ്റിൽ ഹാർദിക്ക് പാണ്ഡ്യയ്‌ക്കൊപ്പം 44 റൺസും ആറാം വിക്കറ്റിൽ ജഡേജയ്‌ക്കൊപ്പം 108 റൺസും കൂട്ടിച്ചേർത്തുകൊണ്ടാണ് കെ എൽ രാഹുൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 91 പന്തിൽ പുറത്താകാതെ 75 റൺസ് മത്സരത്തിൽ കെ എൽ രാഹുൽ നേടി. 69 പന്തിൽ 45 റൺസ് നേടിയ രവീന്ദ്ര ജഡേജ ഇന്ത്യയ്ക്ക് മികച്ച പിൻതുണ നൽകി.
189 റൺസിൻ്റെ വിജയലക്ഷ്യം 39.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തുകയും ചെയ്തു.