Skip to content

രക്ഷകനായി കെ എൽ രാഹുൽ. ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിൻ്റെ വിജയം. കെ എൽ രാഹുലിൻ്റെയും രവീന്ദ്ര ജഡേജയുടെയും മികവിലാണ് മുൻനിരയുടെ തകർച്ചയിലും ഇന്ത്യ വിജയം കുറിച്ചത്.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 189 റൺസിൻ്റെ വിജയലക്ഷ്യം 39.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 91 പന്തിൽ 75 റൺസ് നേടിയ കെ എൽ രാഹുലും 69 പന്തിൽ 45 റൺസ് നേടിയ രവീന്ദ്ര ജഡേജയും ചേർന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

ഒരു ഘട്ടത്തിൽ 39 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റിൽ ഹാർദിക്ക് പാണ്ഡ്യയ്‌ക്കൊപ്പം 44 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് കെ എൽ രാഹുൽ ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിക്കുകയായിരുന്നു. ഹാർദിക്ക് പാണ്ഡ്യ പുറത്തായെങ്കിലും പിന്നീട് ജഡേജയെ കൂട്ടുപിടിച്ചുകൊണ്ട് രാഹുൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. മുൻനിരയിൽ 20 റൺസ് നേടിയ ഗില്ലും 25 റൺസ് നേടിയ ഹാർദിക്ക് പാണ്ഡ്യയും മാത്രമാണ് രണ്ടക്കം കടന്നത്. ഇഷാൻ കിഷൻ 3 റൺസും കോഹ്‌ലി 4 റൺസും നേടി പുറത്തായപ്പോൾ സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.

ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റും മാർക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റുകൾ വീതം നേടിയ മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ് എന്നിവരാണ് 188 റൺസിൽ ചുരുക്കികെട്ടിയത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും ഹാർദിക്ക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

65 പന്തിൽ 10 ഫോറും 5 സിക്സും ഉൾപ്പടെ 81 റൺസ് നേടിയ മിച്ചൽ മാർഷ് മാത്രമാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. മറ്റന്നാൾ വിശാഖപട്ടണത്താണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.