ഷാമിയ്‌ക്ക് മുൻപിൽ വിറച്ച് ഓസ്ട്രേലിയ. കംഗാരുക്കളെ ചുരുക്കികെട്ടി ഇന്ത്യ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ ചുരുക്കികെട്ടി ഇന്ത്യ. മൊഹമ്മദ് ഷാമിയുടെ ഗംഭീര ബൗളിങ് മികവിലാണ് ഓസ്ട്രേലിയയെ ഇന്ത്യ ചുരുക്കികെട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് 35.4 ഓവറിൽ 188 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

65 പന്തിൽ 10 ഫോറും 5 സിക്സും അടക്കം 81 റൺസ് നേടിയ മിച്ചൽ മാർഷ് മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 22 റൺസ് നേടി പുറത്തായപ്പോൾ മാർനസ് ലാബുഷെയ്ന് 15 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ഗ്ലെൻ മാക്സ്‌വെല്ലിന് 8 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ.

ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി 6 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും സിറാജ് 5.4 ഓവറിൽ 29 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും ക്യാപ്റ്റൻ ഹാദിക്ക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

രോഹിത് ശർമ്മയുടെ അഭാവത്തിൽ ഹാർദിക്ക് പാണ്ഡ്യയാണ് മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്.