Skip to content

ഫിഫ്റ്റി നേടി ഉത്തപ്പയും ഗംഭീറും. ഏഷ്യൻ ലയൺസിനെ തകർത്ത് ഇന്ത്യ മഹാരാജാസ്

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ആദ്യ വിജയവുമായി ഇന്ത്യ മഹാരാജാസ്. ഏഷ്യ ലയൺസിനെതിരായ മത്സരത്തിൽ 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് ഇന്ത്യ മഹാരാജാസ് കുറിച്ചത്. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ ഗംഭീറും ഉത്തപ്പയുമാണ് അനായാസ വിജയം ടീമിന് സമ്മാനിച്ചത്.

മത്സരത്തിൽ ഏഷ്യ ലയൺസ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 12.3 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപെടാതെ ഇന്ത്യ മഹാരാജാസ് മറികടന്നു. റോബിൻ ഉത്തപ്പ 39 പന്തിൽ 11 ഫോറും 5 സിക്സും ഉൾപ്പടെ 88 റൺസ് നേടിയപ്പോൾ ഗംഭീർ 36 പന്തിൽ 12 ഫോറടക്കം 61 റൺസ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഏഷ്യ ലയൺസിന് 20 ഓവറിൽ 157 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. 48 പന്തിൽ 69 റൺസ് നേടിയ ഉപുൽ തരംഗയാണ് ഏഷ്യ ലയൺസിന് വേണ്ടി തിളങ്ങിയത്. അഫ്രീദിയുടെ അഭാവത്തിൽ മിസ്ബാ ഉൾ ഹഖായിരുന്നു ടീമിനെ നയിച്ചത്. ഇന്ത്യ മഹാരാജാസിന് വേണ്ടി സുരേഷ് റെയ്ന രണ്ട് വിക്കറ്റും സ്റ്റുവർട്ട് ബിന്നി, ഹർഭജൻ സിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നാളെ വേൾഡ് ജയൻ്റ്സിനെതിരെയാണ് ഇന്ത്യ മഹാരാജാസിൻ്റെ അടുത്ത മത്സരം.