Skip to content

അഞ്ചിലും വീഴാതെ മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയൻ്റ്സിനെ തകർത്ത് പ്ലേയോഫിലേക്ക്

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ അഞ്ചാം വിജയവുമായി മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിൽ 55 റൺസിനായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ വിജയം.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ജയൻ്റ്സിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. മുംബൈ ഇന്ത്യൻസിന് വേണ്ടി ഹെയ്ലി മാത്യൂസ്, നാറ്റ് സ്കിവർ എന്നിവർ മൂന്ന് വിക്കറ്റ് വീതവും അമെലിയ കെർ രണ്ട് വിക്കറ്റും നേടി. മത്സരത്തിലെ വിജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേയോഫിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറുകയും ചെയ്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 30 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 51 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, 37 പന്തിൽ 43 റൺസ് നേടിയ യാസ്തിക ഭാട്ടിയ, 31 പന്തിൽ 36 റൺസ് നേടിയ നാറ്റ് സ്കിവർ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ഗുജറാത്ത് ജയൻ്റ്സിന് വേണ്ടി ആഷ് ഗാർഡ്നർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.