Skip to content

തകർന്ന് തരിപ്പണമായി ഇംഗ്ലണ്ട്. ടി20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്

ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ബംഗ്ലാദേശ്. മൂന്നാം മത്സരത്തിൽ 16 റൺസിനായിരുന്നു ബംഗ്ലാദേശിൻ്റെ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ബംഗ്ലാദേശ് തൂത്തുവാരി.

മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. 47 പന്തിൽ 53 റൺസ് നേടിയ ഡേവിഡ് മലാനും 31 പന്തിൽ 40 റൺസ് നേടിയ ക്യാപ്റ്റൻ ജോസ് ബട്ട്ലറും മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 57 പന്തിൽ 10 ഫോറും ഒരു സിക്സും ഉൾപ്പടെ 73 റൺസ് നേടിയ ലിറ്റൺ ദാസ്, 36 പന്തിൽ 47 റൺസ് നേടിയ ഹൊസൈൻ ഷാൻ്റോ എന്നിവരുടെ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ 6 വിക്കറ്റിനും രണ്ടാം മത്സരത്തിൽ 4 വിക്കറ്റിനുമാണ് ബംഗ്ലാദേശ് വിജയിച്ചത്.