Skip to content

ഏകദിന പരമ്പര വേണ്ട. ടെസ്റ്റ് മതി. അയർലൻഡിൻ്റെ ശ്രീലങ്കൻ പര്യടനത്തിൽ മാറ്റം

ഈ വർഷം ഏപ്രിലിൽ നടക്കാനിരിക്കുന്ന അയർലൻഡിൻ്റെ ശ്രീലങ്കൻ പര്യടനത്തിൻ്റെ പ്രാരംഭ ഷെഡ്യൂളിൽ മാറ്റം വരുത്തി ഇരു ക്രിക്കറ്റ് ബോർഡുകൾ. രണ്ട് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഒരു ടെസ്റ്റ് മത്സരവുമായിരുന്നു മുൻപ് പര്യടനത്തിൽ ഷെഡ്യൂൾ ചെയ്തിരുന്നു.

എന്നാൽ പുതിയ ധാരണ പ്രകാരം ഏകദിന പരമ്പര ഒഴിവാക്കികൊണ്ട് ഒരു ടെസ്റ്റ് മത്സരം അധികമായി ഉൾപ്പെടുത്തി രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കുവാൻ ഇരു ബോർഡുകളും തീരുമാനിച്ചു. എന്നാൽ പര്യടനത്തിലെ തീയതികളിൽ മാറ്റമൊന്നും ഉണ്ടാകില്ല. പര്യടനത്തിനായി ഏപ്രിൽ ഒമ്പതിന് ശ്രീലങ്കയിലെത്തുന്ന ഐറിഷ് ടീം 29 ന് മടങ്ങും. 2018 ൽ ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ച അയർലൻഡ് ഇതുവരെ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ഇക്കാലയളവിൽ കളിച്ചത്.

പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയാണ് അയർലൻഡ് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ളത്. ഇതിൽ മൂന്നിലും അവർ പരാജയപെട്ടിരുന്നു. ശ്രീലങ്കൻ പര്യടനത്തിന് മുൻപായി ഈ മാസം ബംഗ്ലാദേശ് പര്യടനവും അയർലൻഡ് നടത്തുന്നത്. മാർച്ച് 18 ന് ആരംഭിക്കുന്ന പര്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഒരു ടെസ്റ്റ് മത്സരവും അയർലൻഡ് കളിക്കും.