Skip to content

അയ്യർക്ക് പകരക്കാരനായി സഞ്ജു എത്തുമോ ? റിപ്പോർട്ടുകൾ ഇങ്ങനെ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായി തിരിച്ചടി നേരിട്ടിരിക്കുകയാണ് ആതിഥേയരായ ഇന്ത്യ. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ഏകദിന പരമ്പരയും നഷ്ടമായേക്കും. ശ്രേയസ് അയ്യർക്ക് പകരക്കാരനായി സഞ്ജു സാംസണെ ഉൾപ്പെടുത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകരുള്ളത്.

എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ശ്രേയസ് അയ്യർക്ക് പകരക്കാരൻ വേണ്ടെന്ന തീരുമാനത്തിൽ എത്തിനിൽക്കുകയാണ് സെലക്ഷൻ കമ്മിറ്റി. ഇതോടെ സഞ്ജു ടീമിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായി.

ഏകദിന പരമ്പരയ്‌ക്കൊപ്പം ഐ പി എല്ലിലെ ആദ്യ മത്സരങ്ങളും ശ്രേയസ് അയ്യർക്ക് നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാക്ക് ഇഞ്ചുറിയെ തുടർന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ അയ്യർ കളിച്ചിരുന്നില്ല. എന്നാൽ പരിക്ക് ഭേദപ്പെട്ട ഉടനെ തന്നെയാണ് അയ്യരെ ഇന്ത്യ ടീമിൽ തിരിച്ചെത്തിച്ചത്. താരങ്ങൾക്ക് ഇത്തരത്തിൽ ഇടവിട്ട് പരിക്ക് വരുന്നതിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയോട് ബിസിസിഐ അതൃപ്തി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഈ മാസം 17 ന് മുംബൈയിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഹാർദിക്ക് പാണ്ഡ്യയായിരിക്കും ആദ്യ മത്സരത്തിൽ ഇന്ത്യയെ നയിക്കുക. സ്റ്റീവ് സ്മിത്താണ് ഏകദിന പരമ്പരയിലും ഓസ്ട്രേലിയയെ നയിക്കുന്നത്.