ചരിത്രനേട്ടത്തിൽ കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമായിരുന്നു ഈ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ഈ പ്രകടനത്തിൻ്റെ മികവിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പ്ലേയർ ഓഫ് ദി സിരീസ് അവാർഡും താരം പങ്കിട്ടിരുന്നു. ഇതോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ ജാക്ക് കാലിസിനെ പിന്നിലാക്കിയിരിക്കുകയാണ് അശ്വിൻ.

ടെസ്റ്റ് ക്രിക്കറ്റിൽ ഇത് പത്താം തവണയാണ് അശ്വിൻ പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് നേടുന്നത്. ഇതോടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ തവണ പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് നേടുന്ന രണ്ടാമത്തെ താരമായി അശ്വിൻ മാറി. 9 തവണ പ്ലേയർ ഓഫ് ദി സിരീസ് നേടിയ സൗത്താഫ്രിക്കൻ ഇതിഹാസം ജാക്ക് കാലിസിനെ പിന്നിലാക്കിയാണ് അശ്വിൻ രണ്ടാം സ്ഥാനത്തെത്തിയത്.

11 തവണ പ്ലേയർ ഓഫ് ദി സിരീസ് അവാർഡ് നേടിയ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഈ റെക്കോർഡിൽ തലപത്തുള്ളത്.

എന്നാൽ കളിച്ച പരമ്പരകൾ വെച്ചുനോക്കുമ്പോൾ അശ്വിൻ്റെ നേട്ടം അവിശ്വസനീയമാണ്. മുത്തയ്യ മുരളീധരൻ 62 പരമ്പരകളും കാലിസ് 61 പരമ്പരകളും കളിച്ചപ്പോൾ വെറും 37 പരമ്പരകൾ മാത്രമാണ് അശ്വിൻ കളിച്ചിട്ടുള്ളത്. അടുത്ത ഹോം സീസണിൽ കൂടെ അശ്വിൻ മികവ് തുടർന്നാൽ തീർച്ചയായും ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തെത്തുവാൻ സാധിക്കും.