ആ ടീമുകളിലെ താരങ്ങൾ നേരത്തെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം മത്സരം സമനിലയിൽ കലാശിച്ചുവെങ്കിലും ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. ശ്രീലങ്കയ്ക്കെതിരെ ന്യൂസിലൻഡ് ത്രസിപ്പിക്കുന്ന വിജയം കുറിച്ചതോടെയാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. എന്നാൽ ഫൈനലിന് മുൻപായി നടക്കുന്ന ഐ പി എൽ ഇന്ത്യയുടെ തയ്യാറെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.

ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനൽ ആരംഭിക്കുന്നത്. മാർച്ച് 31 ന് ആരംഭിക്കുന്ന ഐ പി എൽ മെയ് 28 നാണ് അവസാനിക്കുന്നത്. എന്നാൽ ഐ പി എൽ കഴിയുന്നതിന് മുൻപുതന്നെ ചില താരങ്ങൾ തയ്യാറെടുപ്പിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്ന് രോഹിത് ശർമ്മ പറഞ്ഞു.

ഐ പി എല്ലിൽ പ്ലേയോഫ് കാണാതെ പുറത്താകുന്ന ടീമുകളിലെ താരങ്ങളായിരിക്കും നേരത്തെ തന്നെ തയ്യാറെടുപ്പിനായി ഇംഗ്ലണ്ടിലെത്തുക. മേയ് 21 ന് തന്നെ ആറ് ടീമുകൾ ടൂർണമെൻ്റിൽ നിന്നും പുറത്താകുമെന്നും ആ ടീമിലെ താരങ്ങളിലെ ഇംഗ്ലണ്ടിലെത്തിക്കാൻ ശ്രമിക്കുമെന്നുമായിരുന്നു രോഹിത് ശർമ്മ പറഞ്ഞത്.

ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെത്തുന്നത്. പ്രഥമ ഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപെട്ടിരുന്നു. മറുഭാഗത്ത് ആഷസിനുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി ഓസ്ട്രേലിയൻ താരങ്ങൾ വളരെ നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തും. ജൂൺ പതിനാറിനാണ് ആഷസ് പരമ്പര ആരംഭിക്കുന്നത്.