Skip to content

തകർപ്പൻ റെക്കോർഡിൽ സെവാഗിനൊപ്പമെത്തി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്.  സെഞ്ചുറി നേടിയ കിങ് കോഹ്ലിയുടെ പിൻബലത്തിലാണ് വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ വീരേന്ദർ സെവാഹിനൊപ്പം എത്തിയിരിക്കുകയാണ് വിരാട് കോഹ്ലി.

ആദ്യ ഇന്നിങ്സിൽ 364 പന്തിൽ 186 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. കോഹ്ലിയുടെ 28 ആം ടെസ്റ്റ് സെഞ്ചുറിയാണിത്. ഇത് പതിനാറാം തവണയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലി 150 ൽ കൂടൂതൽ റൺസ് നേടുന്നത്. ഇതോടെ ഏറ്റവും കൂടുതൽ തവണ 150 + സ്കോർ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡിൽ മുൻ ഓപ്പണർ വീരേന്ദർ സെവാഗിനൊപ്പം കോഹ്ലിയെത്തി.

25 തവണ 150+ സ്കോർ നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കറാണ് ഈ നേട്ടത്തിലും കോഹ്‌ലിക്ക് മുൻപിലുള്ളത്. 1205 ദിവസങ്ങൾക്ക് ശേഷമാണ് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി കുറിക്കുന്നത്. ഇതിന് മുൻപ് 2019 നവംബറിൽ ബംഗ്ലാദേശിനെതിരെയായിരുന്നു കോഹ്ലി അവസാന ടെസ്റ്റ് സെഞ്ചുറി നേടിയിരുന്നത്.