Skip to content

ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ബൗളർമാർക്ക് യാതൊരു ആനുകൂല്യവും ഇല്ലാതിരുന്ന പിച്ചിൽ 6 വിക്കറ്റുകൾ അശ്വിൻ വീഴ്ത്തി. ഈ പ്രകടനത്തോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ സ്പിന്നർ.

47.2 ഓവറിൽ 91 റൺസ് വഴങ്ങിയാണ് 6 വിക്കറ്റ് അശ്വിൻ വീഴ്ത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ അശ്വിൻ്റെ 32 ആം അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇന്ത്യൻ മണ്ണിൽ ഇത് 26 ആം തവണയാണ് അശ്വിൻ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇതോടെ ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന ചരിത്രറെക്കോഡ് അശ്വിൻ സ്വന്തം പേരിൽ കുറിച്ചു.

25 തവണ ഇന്ത്യൻ മണ്ണിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള സാക്ഷാൽ അനിൽ കുംബ്ലെയെയാണ് അശ്വിൻ പിന്നിലാക്കിയത്. കൂടാതെ മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡും അശ്വിൻ സ്വന്തമാക്കി. ആദ്യ ഇന്നിങ്സിലെ 6 വിക്കറ്റ് അടക്കം 113 വിക്കറ്റ് ഓസ്ട്രേലിയക്കെതിരെ അശ്വിൻ നേടിയിട്ടുണ്ട്.

111 വിക്കറ്റ് നേടിയിട്ടുള്ള അനിൽ കുംബ്ലെയെ തന്നെയാണ് ഈ റെക്കോർഡിലും അശ്വിൻ പിന്നിലാക്കിയത്.