6 വിക്കറ്റ് വീഴ്ത്തി അശ്വിൻ. ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഓസ്ട്രേലിയ

അഹമ്മദാബാദ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഓസ്ട്രേലിയ. ഉസ്മാൻ ഖവാജയുടെയും കാമറോൺ ഗ്രീനിൻ്റെയും സെഞ്ചുറി മികവിൽ ആദ്യ ഇന്നിങ്സിൽ 480 റൺസ് നേടി ഓസ്ട്രേലിയ പുറത്തായി.

രണ്ടാം ദിനം നാലിന് 255 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് പുനരാരംഭിച്ചത്. ആദ്യ സെഷനിൽ വിക്കറ്റ് ഒന്നും ഇന്ത്യയ്ക്ക് നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ രണ്ടാം സെഷനിൽ അശ്വിൻ്റെ മികവിൽ മികച്ച തിരിച്ചുവരവ് നടത്തുവാൻ ഇന്ത്യയ്ക്ക് സാധിച്ചു. 170 പന്തിൽ 114 റൺസ് നേടിയ കാമറോൺ ഗ്രീൻ, അലക്സ് കാരി, മിച്ചൽ സ്റ്റാർക്ക് എന്നിവരെ രണ്ടാം സെഷനിൽ അശ്വിൻ പുറത്താക്കി.

മൂന്നാം സെഷനിലെ ആദ്യ പന്തിൽ തന്നെ 422 പന്തിൽ 180 റൺസ് നേടിയ ഉസ്മാൻ ഖവാജയെ അക്ഷർ പട്ടേൽ പുറത്താക്കിയെങ്കിലും ഒമ്പതാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് നേതൻ ലയണും ടോഡ് മർഫിയും ചേർന്ന് ഇന്ത്യയെ വെള്ളംകുടിപ്പിച്ചു. 61 പന്തിൽ 41 റൺസ് നേടിയാണ് ടോഡ് മർഫി പുറത്തായത്. നേതൻ ലയൺ 34 റൺസ് നേടി.

47.2 ഓവറിൽ 91 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. മൊഹമ്മദ് ഷാമി രണ്ട് വിക്കറ്റ് നേടിയപ്പോൾ അക്ഷർ പട്ടേൽ രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.