നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി ഉസ്മാൻ ഖവാജ

അഹമ്മദാബാദ് ടെസ്റ്റിലെ ആദ്യ ദിനത്തിൽ സമാസമം പോരാടി ഇന്ത്യയും ഓസ്ട്രേലിയയും. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ദിനം കളി നിർത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടിയിട്ടുണ്ട്.

സെഞ്ചുറി നേടിയ ഉസ്മാൻ ഖവാജയാണ് ഓസ്ട്രേലിയൻ സ്കോർ മുന്നോട്ട് നയിച്ചത്. ആദ്യ ദിനം കളി നിർത്തുമ്പോൾ 251 പന്തിൽ 104 റൺസ് നേടി ഖവാജയും 64 പന്തിൽ 49 റൺസ് നേടിയ കാമറോൺ ഗ്രീനുമാണ് ഓസ്ട്രേലിയക്ക് വേണ്ടി ക്രീസിലുള്ളത്.

44 പന്തിൽ 32 റൺസ് നേടിയ ട്രാവിസ് ഹെഡ്, 3 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ, 135 പന്തിൽ 38 റൺസ് നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, 17 റൺസ് നേടിയ പീറ്റർ ഹാൻഡ്സ്കോംബ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

പരമ്പരയിലേക്ക് വരുമ്പോൾ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചപ്പോൾ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയ വിജയം കുറിച്ചിരുന്നു. അവസാന മത്സരത്തിൽ വിജയിച്ചാൽ പരമ്പര സ്വന്തമാക്കുന്നതിനൊപ്പം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയ്ക്ക് പ്രവേശിക്കാം.