റോയ് ദി ഹീറോ. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇംഗ്ലണ്ട് താരത്തിൻ്റെ വെടിക്കെട്ട്

പാകിസ്ഥാൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഞെട്ടിച്ച് ഇംഗ്ലണ്ട് താരം ജേസൺ റോയ്. ബാബർ അസം നേടിയ സെഞ്ചുറിയെ നിഷ്പ്രഭമാക്കികൊണ്ടാണ് തകർപ്പൻ സെഞ്ചുറി റോയ് നേടിയത്. ഈ പ്രകടനത്തിലൂടെ തൻ്റെ ടീമായ ക്വറ്റ ഗ്ലാഡിയേറ്റേർസിനെ റോയ് വിജയത്തിലെത്തിക്കുകയും ചെയ്തു.

ബാബർ അസം നയിക്കുന്ന പെഷവർ സാൽമിയ്ക്കെതിരെയായിരുന്നു ഈ ഗംഭീര പ്രകടനം റോയ് പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത പെഷവാർ സാൽമി ക്യാപ്റ്റൻ ബാബർ അസമിൻ്റെ സെഞ്ചുറി മികവിൽ 20 ഓവറിൽ 240 റൺസ് നേടിയിരുന്നു. 65 പന്തിൽ 15 ഫോറും 3 സിക്സും ഉൾപ്പടെ 115 റൺസ് ബാബർ നേടിയിരുന്നു.

241 റൺസെന്ന വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഗ്ലാഡിയേറ്റേർസിന് വേണ്ടി റോയ് തുടക്കം മുതൽ തകർത്തടിച്ചു. വെറും 44 പന്തിൽ നിന്നും സെഞ്ചുറി കുറിച്ച റോയുടെ മികവിൽ 18.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ക്വറ്റ ഗ്ലാഡിയേറ്റേർസ് വിജയലക്ഷ്യം മറികടന്നു. 63 പന്തിൽ 20 ഫോറും 5 സിക്സും ഉൾപ്പടെ പുറത്താകാതെ 145 റൺസ് ജേസൺ റോയ് അടിച്ചുകൂട്ടി. ജേസൺ റോയിക്കൊപ്പം 18 പന്തിൽ പുറത്താകാതെ 41 റൺസ് നേടിയ മൊഹമ്മദ് ഹഫീസും ടീമിനായി തകർത്തടിച്ചു.

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിജയകരമായ റൺ ചേസ് കൂടിയാണിത്.