Skip to content

തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി ആർ സീ ബി

വുമൺസ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിൽ 11 റൺസിനായിരുന്നു ആർ സീ ബിയുടെ തോൽവി. സീസണിലെ ഗുജറാത്ത് ജയൻ്റ്സിൻ്റെ ആദ്യ വിജയം കൂടിയാണിത്.

മത്സരത്തിൽ ഗുജറാത്ത് ഉയർത്തിയ 202 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ആർ സീ ബിയ്ക്ക് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടാനെ സധിച്ചുള്ളൂ. 45 പന്തിൽ 66 റൺസ് നേടിയ സോഫി ഡിവൈനും 11 പന്തിൽ 30 റൺസ് നേടിയ ഹെതർ നൈറ്റും മാത്രമാണ് ആർ സീ ബി നിരയിൽ തിളങ്ങിയത്. ഗുജറാത്ത് ജയൻ്റ്സിന് വേണ്ടി ആഷ് ഗാർഡ്നർ നാലോവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയൻ്റ്സ് 28 പന്തിൽ 11 ഫോറും 3 സിക്സുമടക്കം 65 റൺസ് നേടിയ സോഫിയ ഡങ്ക്ലി, 45 പന്തിൽ 67 റൺസ് നേടിയ ഹർലീൻ ഡിയോൾ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടിയത്.

മറ്റന്നാൾ യു പി വാരിയേഴ്സിനെതിരെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ അടുത്ത മത്സരം. മാർച്ച് പതിനൊന്നിന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ഗുജറാത്ത് ജയൻ്റ്സിൻ്റെ അടുത്ത മത്സരം.