Skip to content

രവി ശാസ്ത്രിയുടെ വിമർശനം. മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ

ബോർഡർ ഗവാസ്‌കർ ട്രോഫി മൂന്നാം മത്സരത്തിലെ തോൽവിയ്ക്ക് പുറകെ ഇന്ത്യയ്ക്കെതിരെ മുൻ ഹെഡ് കോച്ച് രവി ശാസ്ത്രി ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതിൻ്റെ ഓവർകോൺഫിഡൻസാണ് ഇന്ത്യയുടെ തോൽവിയ്‌ക്ക് കാരണമെന്നായിരുന്നു രവി ശാസ്ത്രിയുടെ വിമർശനം ഓസ്ട്രേലിയയെ ഇന്ത്യ നിസാരരായി കണ്ടുവെന്നും രവി ശാസ്ത്രി തുറന്നടിച്ചിരുന്നു. മുൻ ഹെഡ് കോച്ച് കൂടിയായിരുന്ന രവി ശാസ്ത്രിയുടെ ഈ വിമർശനത്തിന് നാലാം മത്സരത്തിന് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ മറുപടി നൽകി.

” നിങ്ങൾ ആദ്യ രണ്ട് മത്സരങ്ങൾ വിജയിക്കുകയും പുറത്തുനിന്നുള്ളവർക്ക് അത് ഓവർ കോൺഫിഡൻസായി തോന്നുകയും ചെയ്താൽ അത് അസംബന്ധമെന്നേ പറയാനാകൂ. കാരണം നാല് മത്സരങ്ങളിലും വിജയിക്കാൻ മാത്രമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ”

” രണ്ട് മത്സരങ്ങൾ വിജയിച്ചുകൊണ്ട് നിർത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അത് വളരെ ലളിതമാണ്. ഇങ്ങനെ വിമർശനം ഉന്നയിക്കുന്ന ആളുകൾ ഡ്രസിങ് റൂമിൻ്റെ ഭാഗമല്ലാതിരിക്കുന്നിടത്തോളം ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. എല്ലാ മത്സരങ്ങളിലും മികവ് പുലർത്തി ജയിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അത് ഓവർകോൺഫിഡൻസായി തോന്നുന്നുവെങ്കിൽ അത് ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല. ” രോഹിത് ശർമ്മ പറഞ്ഞു.