Skip to content

യു പിയെ തകർത്ത് വമ്പൻ വിജയവുമായി ഡൽഹി ക്യാപിറ്റൽസ്

യു പി വാരിയേഴ്സിനെ തകർത്ത് വുമൺസ് പ്രീമിയർ ലീഗിലെ തുടർച്ചയായ രണ്ടാം വിജയവുമായി ഡൽഹി ക്യാപിറ്റൽസ്. 42 റൺസിൻ്റെ വമ്പൻ വിജയമാണ് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കുറിച്ചത്.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 212 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിൻതുടർന്ന യു പി വാരിയേഴ്സിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടാനെ സാധിച്ചുള്ളൂ. 50 പന്തിൽ 11 ഫോറും 4 സിക്സും അടക്കം 90 റൺസ് നേടിയ ടാലിയ മഗ്രാത്ത് മാത്രമാണ് യു പി വാരിയേഴ്സിന് വേണ്ടി തിളങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ താരമായ ഗ്രേസ് ഹാരിസ് മത്സരത്തിൽ കളിച്ചിരുന്നില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 42 പന്തിൽ 10 ഫോറും 3 സിക്സും ഉൾപ്പടെ 70 റൺസ് നേടിയ ക്യാപ്റ്റൻ മെഗ് ലാന്നിങ്, 22 പന്തിൽ 34 റൺസ് നേടിയ ജെമിമ റോഡ്രിഗസ്, 20 പന്തിൽ 42 റൺസ് നേടിയ ജെസ് ജോനാസൻ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടിയത്.

നേരത്തെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 66 റൺസിന് ഡൽഹി തകർത്തിരുന്നു. മറ്റന്നാൾ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് അടുത്ത മത്സരത്തിൽ യു പി വാരിയേഴ്സിൻ്റെ എതിരാളി.