Skip to content

നാലാം ടെസ്റ്റ് കാണുവാൻ നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അവസാന മത്സരം കാണുവാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസുമെത്തും. അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിലെ ആദ്യ ദിനത്തിലായിരിക്കും ഇരുവരും ഒരുമിച്ച് മത്സരം വീക്ഷിക്കുക.

കാണികളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് കൂടെ അഹമ്മദാബാദ് സ്റ്റേഡിയം ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ടെസ്റ്റ് മത്സരത്തിൽ ഒരു ദിനത്തിൽ ഏറ്റവും കൂടുതൽ കാണികളെന്ന റെക്കോർഡ് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൻ്റെ പേരിലാണ് ഉള്ളത്. മാർച്ച് ഒമ്പതിന് ആരംഭിക്കുന്ന നാലാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ ഈ റെക്കോർഡ് ഒരുപക്ഷേ മറികടന്നേക്കും.

പുനർനിർമിച്ച നരേന്ദ്ര മോദി സ്റ്റേഡിയം ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയം കൂടിയാണ്. പുനർനിർമാണത്തിന് ശേഷം നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം മത്സരത്തിലും വിജയം ലക്ഷ്യം വെച്ചാണ് ഇന്ത്യ എത്തുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ ബോർഡർ ഗവാസ്‌കർ ട്രോഫി നിലനിർത്തിയിരുന്നുവെങ്കിലും മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചെത്തി വിജയം കുറിച്ചിരുന്നു.

മറ്റന്നാൾ ആരംഭിക്കുന്ന ടെസ്റ്റിൽ കൂടെ വിജയിച്ചാൽ പരമ്പര സ്വന്തമാക്കുന്നതിനൊപ്പം ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയ്ക്ക് പ്രവേശിക്കാം. മൂന്നാം ടെസ്റ്റിൽ വിജയിച്ച ഓസ്ട്രേലിയ ഫൈനൽ ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു.