Skip to content

അഫ്രീദിയ്ക്കും ജയസൂര്യയ്ക്കും ശേഷം ഇതാദ്യം. തകർപ്പൻ റെക്കോർഡ് നേടി ഷാക്കിബ്

ഏകദിന ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് കുറിച്ച് ബംഗ്ലാദേശിൻ്റെ സീനിയർ താരം ഷാക്കിബ് അൽ ഹസൻ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഈ റെക്കോർഡ് ഷാക്കിബ് സ്വന്തം പേരിൽ കുറിച്ചത്.

ബംഗ്ലാദേശ് 50 റൺസിന് വിജയിച്ച മത്സരത്തിൽ ഫിഫ്റ്റിയും ഒപ്പം നാല് വിക്കറ്റും ഷാക്കിബ് നേടിയിരുന്നു. മത്സരത്തിൽ നേടിയ ഈ നാല് വിക്കറ്റുകളോടെ ഏകദിന ക്രിക്കറ്റിൽ 300 വിക്കറ്റ് ഷാക്കിബ് പൂർത്തിയാക്കി. ഏകദിന ക്രിക്കറ്റിൽ 300 വിക്കറ്റ് നേടുന്ന പതിമൂന്നാമത്തെ ബൗളറും ആദ്യ ബംഗ്ലാദേശ് താരവും കൂടിയാണ് ഷാക്കിബ്.

മത്സരത്തിലെ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ 300 വിക്കറ്റും 6000 തിലധികം റൺസും നേടുന്ന മൂന്നാമത്തെ താരമെന്ന അപൂർവ്വറെക്കോർഡും ഷാക്കിബ് സ്വന്തമാക്കി. 227 മത്സരങ്ങളിൽ നിന്നും 300 വിക്കറ്റിനൊപ്പം 6976 റൺസും താരം നേടിയിട്ടുണ്ട്. മുൻ ശ്രീലങ്കൻ താരം സനത് ജയസൂര്യ, മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി എന്നിവരാണ് ഇതിന് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.

ഏകദിനത്തിൽ 398 മത്സരങ്ങളിൽ നിന്നും 395 വിക്കറ്റ് നേടിയിട്ടുള്ള ഷാഹിദ് അഫ്രീദി 6892 റൺസും നേടിയിട്ടുണ്ട്. മറുഭാഗത്ത് 445 മത്സരങ്ങളിൽ നിന്നും 323 വിക്കറ്റ് നേടിയിട്ടുള്ള സനത് ജയസൂര്യ 14723 റൺസും ഈ ഫോർമാറ്റിൽ നേടിയിട്ടുണ്ട്.