Skip to content

ഇംഗ്ലണ്ടിന് കാലിടറി. മൂന്നാം ഏകദിനത്തിൽ തകർപ്പൻ വിജയം കുറിച്ച് ബംഗ്ലാദേശ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ആതിഥേയരായ ബംഗ്ലാദേശ്. 50 റൺസിൻ്റെ തകർപ്പൻ വിജയമാണ് മത്സരത്തിൽ ബംഗ്ലാദേശ് കുറിച്ചത്.

മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 247 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 43.1 ഓവറിൽ 196 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ആദ്യ രണ്ട് മത്സരങ്ങളിൽ ഡേവിഡ് മലാനും ജേസൺ റോയിയും സെഞ്ചുറി നേടിയപ്പോൾ ഇക്കുറി ഇംഗ്ലണ്ട് നിരയിൽ ആർക്കും തന്നെ വലിയ സ്കോർ നേടുവാൻ സാധിച്ചില്ല.

നീണ്ട 7 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ പരാജയപെടുത്തുന്നത്.

10 ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഷാക്കിബ് അൽ ഹസനാണ് ഇംഗ്ലണ്ടിനെ തകർത്തത്. ടൈജുൽ ഇസ്ലാം, എബാദത് ഹോസൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 71 പന്തിൽ 75 റൺസ് നേടിയ ഷാക്കിബ് അൽ ഹസൻ, 93 പന്തിൽ 70 റൺസ് നേടിയ മുഷ്ഫിഖുർ റഹിം, 53 റൺസ് നേടിയ ഷാൻ്റോ എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആർച്ചർ മൂന്ന് വിക്കറ്റും സാം കറൺ, ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.