Skip to content

ആദ്യം അടിച്ചിട്ടു. പിന്നെ എറിഞ്ഞിട്ടു. ആദ്യ മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസ്

പ്രഥമ വുമൺസ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഗംഭീര വിജയം. ഗുജറാത്ത് ജയൻ്റ്സിനെതിരായ മത്സരത്തിൽ 143 റൺസിനായിരുന്നു ഹർമൻപ്രീത് കൗറിൻ്റെയും കൂട്ടരുടെയും വിജയം.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 208 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ജയൻ്റ്സിന് 15.1 ഓവറിൽ 64 റൺസ് എടുക്കുന്നതിനിടെ 9 വിക്കറ്റും നഷ്ടമായി. ക്യാപ്റ്റൻ ബെത് മൂണി പരിക്കേറ്റ് പുറത്തായതുമുതൽ തന്നെ ഗുജറാത്ത് ജയൻ്റ്സിൻ്റെ തകർച്ച ആരംഭിച്ചിരുന്നു. ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ ആഷ് ഗാർഡ്നർ റൺസൊന്നും നേടാതെ പുറത്തായപ്പോൾ മറ്റുള്ളവർക്കും മികവ് പുലർത്താൻ സാധിച്ചില്ല.

23 പന്തിൽ 29 റൺസ് നേടിയ ഹേമലത മാത്രമാണ് ഗുജറാത്ത് നിരയിൽ പിടിച്ചുനിന്നത്. മുംബൈ ഇന്ത്യൻസിന് വേണ്ടി സൈക ഇഷഖ് 3.1 ഓവറിൽ 11 റൺസ് വഴങ്ങി നാല് വിക്കറ്റും നാറ്റ് സ്കിവർ, അമെലിയ കെർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് അടിച്ചുകൂട്ടിയിരുന്നു. 30 പന്തിൽ 65 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, 24 പന്തിൽ പുറത്താകാതെ 45 റൺസ് നേടിയ അമെലിയ കെർ, 31 പന്തിൽ 47 റൺസ് നേടിയ ഹെയ്ലി മാത്യൂസ് എന്നിവരാണ് മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

നാളെ യു പി വാരിയേഴ്സിനെതിരെയാണ് ഗുജറാത്ത് ജയൻ്റ്സിൻ്റെ അടുത്ത മത്സരം. മാർച്ച് ആറിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് മുംബൈ ഇന്ത്യൻസിൻ്റെ അടുത്ത മത്സരം.