Skip to content

വോണിൻ്റെ ചരമവാർഷികത്തിൽ ഹൃദയത്തെ സ്പർശിക്കുന്ന കുറിപ്പ് പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ

ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയ്ൻ വോണിൻ്റെ ഒന്നാം ചരമവാർഷികത്തിൽ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. കഴിഞ്ഞ വർഷം ഇതേ ദിവസമായിരുന്നു ഷെയ്ൻ വോൺ അന്തരിച്ചത്. തായ്‌ലൻഡിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു വോൺ മരണമടഞ്ഞത്.

കളിക്കളത്തിലെ വോൺ – സച്ചിൻ പോരാട്ടം എന്നും ക്രിക്കറ്റ് ആരാധകർക്ക് വലിയ ആവേശമാണ് സമ്മാനിച്ചിരുന്നത്. ഇന്ത്യ ഓസ്ട്രേലിയ പരമ്പരകളുടെ പ്രധാന ഹൈലൈറ്റും ഇരുവരും തമ്മിലുള്ള ഈ പോരാട്ടം തന്നെയായിരുന്നു. എന്നാൽ കളിക്കളത്തിലേക്ക് വരുമ്പോൾ ഇരുവരും ഉറ്റ ചങ്ങാതിമാരായിരുന്നു. ഇന്ത്യയ്ക്കാർക്കും എന്നും പ്രിയപെട്ട താരം കൂടിയായിരുന്നു ഷെയ്ൻ വോൺ.

” മൈതാനത്ത് ഞങ്ങൾ അവിസ്മരണീയമായ ചില പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ മറക്കാനാകാത്ത നിമിഷങ്ങൾ ഞങ്ങൾ പങ്കിട്ടു. ഒരു വലിയ ക്രിക്കറ്റർ എന്ന നിലയിൽ മാത്രമല്ല ഉറ്റ ചങ്ങാതി എന്ന നിലയിലും ഞാൻ താങ്കളെ മിസ്സ് ചെയ്യുന്നു. നിങ്ങളുടെ നർമ്മബോധവും ആകർഷണീയതയും കൊണ്ട് സ്വർഗത്തെ കൂടുതൽ മനോഹരമായ സ്ഥലമാക്കി മാറ്റുകയാണെന്ന് എനിക്കുറപ്പുണ്ട്. ” സച്ചിൻ കുറിച്ചു.

ഓസ്ട്രേലിയയ്ക്ക് വേണ്ടി 145 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 708 വിക്കറ്റും 194 ഏകദിന മത്സരങ്ങളിൽ നിന്നും 293 വിക്കറ്റും ഷെയ്ൻ വോൺ നേടിയിട്ടുണ്ട്. പ്രഥമ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിനെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റൻ കൂടിയാണ് ഷെയ്ൻ വോൺ.