നിരവധി വിമർശനങ്ങളാണ് ആദ്യ പന്ത് മുതൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നടന്ന ഇൻഡോർ പിച്ച് ഏറ്റുവാങ്ങിയത്. മത്സരത്തിൽ 9 വിക്കറ്റിൻ്റെ പരാജയം ഏറ്റുവാങ്ങിയെങ്കിലും പിച്ചിനെ ന്യായീകരിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.
എതിർടീമിൻ്റെ പ്രകടനത്തെ കുറിച്ചും കളിക്കാരുടെ മികവിനെ കുറിച്ചും സംസാരിക്കേണ്ടതിന് പകരം പിച്ചിനെ കുറിച്ച് എന്തിനാണ് സംസാരിക്കുന്നതെന്ന് ചോദിച്ച ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യയ്ക്കും പുറത്തും ടെസ്റ്റ് മത്സരങ്ങൾ മൂന്ന് ദിവസം കൊണ്ട് അവസാനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി.
” അതിനെ കുറിച്ച് എന്താണ് പറയാനാവുക. മത്സരം അഞ്ച് ദിവസം നീണ്ടുനിൽക്കണം എന്നുണ്ടെങ്കിൽ കളിക്കാർ അത്രയും നന്നായി കളിക്കണം. ഇന്ത്യയ്ക്ക് പുറത്തായാലും മത്സരങ്ങൾ അഞ്ച് ദിവസം നീണ്ടുനിൽക്കാറില്ല. ഓസ്ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള മത്സരം മൂന്ന് ദിവസം മാത്രമാണ് നീണ്ടുനിന്നത്. ”
” പിച്ച് ബൗളർമാർക്ക് അനുകൂലമാണെങ്കിൽ ബാറ്റർമാർ അവരുടെ കഴിവുകൾ പരീക്ഷിക്കേണ്ടതുണ്ട്. പാകിസ്ഥാനിലേക്ക് നോക്കൂ. അവിടെ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ നടന്നു. മൂന്നും ബോറായിരുന്നുവെന്ന് ആളുകൾ പറയുന്നു. ഞങ്ങൾ ടെസ്റ്റ് ആവേശകരമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ” രോഹിത് ശർമ്മ പറഞ്ഞു.