Skip to content

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരായ ഇൻഡോർ ടെസ്റ്റിൽ തകർപ്പൻ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. ആദ്യ പന്ത് മുതൽ ടേൺ ചെയ്ത് തുടങ്ങിയ പിച്ചിൽ 9 വിക്കറ്റിൻ്റെ വമ്പൻ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്. മത്സരത്തിലെ വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി.

ഇന്ത്യ ഉയർത്തിയ 76 റൺസിൻ്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഓസ്ട്രേലിയ മറികടന്നത്. ആദ്യ ഓവറിൽ തന്നെ ഉസ്മാൻ ഖവാജയെ നഷ്ടപെട്ടുവെങ്കിലും 49 റൺസ് നേടിയ ട്രാവിസ് ഹെഡും 28 റൺസ് നേടിയ മാർനസ് ലാബുഷെയ്നും ചേർന്ന് ഓസ്ട്രേലിയയെ അനായാസം വിജയത്തിലേക്ക് നയിച്ചു.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ച 18 മത്സരങ്ങളിൽ പതിനൊന്നിലും വിജയിച്ചുകൊണ്ടാണ് ഓസ്ട്രേലിയ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. മറുഭാഗത്ത് പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് അടുത്ത മത്സരത്തിൽ വിജയിച്ചാൽ ഫൈനൽ ഉറപ്പിക്കാം. അടുത്ത മത്സരത്തിൽ പരാജയപെട്ടാൽ ശ്രീലങ്കയും ന്യൂസിലൻഡും തമ്മിലുള്ള പരമ്പരയുടെ ഫലത്തിനായി ഇന്ത്യ കാത്തിരിക്കേണ്ടിവരും.

മാർച്ച് ഒമ്പതിന് അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഇരുരാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ മത്സരം കാണുവാനായി എത്തും.