Skip to content

സ്വയം കുഴിച്ച കുഴിയിൽ വീണ് ഇന്ത്യ. മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് വിജയം

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 9 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 76 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

53 പന്തിൽ 49 റൺസ് നേടിയ ട്രാവിസ് ഹെഡാണ് ഓസ്ട്രേലിയൻ വിജയം അനായാസമാക്കിയത്. മാർനസ് ലാബുഷെയ്ൻ 58 പന്തിൽ 28 റൺസ് നേടി പുറത്താകാതെ നിന്നു. ഉസ്മാൻ ഖവാജയുടെ വിക്കറ്റ് മാത്രമാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്.

ആദ്യ ഇന്നിങ്സിൽ 88 റൺസിൻ്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 163 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 59 റൺസ് നേടിയ ചേതേശ്വർ പുജാര മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ശ്രേയസ് അയ്യർ 27 പന്തിൽ 26 റൺസ് നേടി. 23.3 ഓവറിൽ 64 റൺസ് വഴങ്ങി എട്ട് വിക്കറ്റുകൾ വീഴ്ത്തിയ നേതൻ ലയനാണ് ഇന്ത്യയെ തകർത്തത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 109 റൺസിൽ ചുരുക്കികെട്ടിയ ഓസ്ട്രേലിയ 197 റൺസ് നേടിയാണ് 88 റൺസിൻ്റെ നിർണായക ലീഡ് സ്വന്തമാക്കിയത്. 60 റൺസ് നേടിയ ഉസ്മാൻ ഖവാജയാണ് ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ, ഉമേഷ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ബോർഡർ ഗവാസ്‌കർ ട്രോഫി ഇതിനോടകം നിലനിർത്തിയിരുന്നു. മാർച്ച് ഒമ്പതിന് അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.