Skip to content

ചരിത്രനേട്ടത്തിൽ മുത്തയ്യ മുരളീധരനെയും കുംബ്ലെയെയും പിന്നിലാക്കി നേതൻ ലയൺ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയൻ സ്പിന്നർ നേതൻ ലയൺ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റുകൾ നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ചരിത്രനേട്ടങ്ങളിൽ ഇതിഹാസ താരങ്ങളായ അനിൽ കുംബ്ലെ, മുത്തയ്യ മുരളീധരൻ എന്നിവരെ പിന്നിലാക്കിയിരിക്കുകയാണ് ലയൺ.

മത്സരത്തിൽ നേടിയ 11 വിക്കറ്റ് അടക്കം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ 113 വിക്കറ്റുകൾ നേതൻ ലയൺ നേടിയിട്ടുണ്ട്. ഇതോടെ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബൗളറായി താരം മാറി. 111 വിക്കറ്റുകൾ നേടിയിട്ടുള്ള അനിൽ കുംബ്ലെയെയാണ് നേതൻ ലയൺ പിന്നിലാക്കിയത്.

കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും ഇതോടെ ലയൺ സ്വന്തമാക്കി. 22 മത്സരങ്ങളിൽ 105 വിക്കറ്റുകൾ നേടിയിട്ടുള്ള ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനെയാണ് ലയൺ പിന്നിലാക്കിയത്. 139 വിക്കറ്റ് നേടിയിട്ടുള്ള ഇംഗ്ലണ്ട് ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്സനാണ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള ബൗളർ.