Skip to content

തകർപ്പൻ നേട്ടത്തിൽ കപിൽ ദേവിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഒന്നാം നമ്പർ ടെസ്റ്റ് ബൗളർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ നേടിയതോടെയാണ് സാക്ഷാൽ കപിൽ ദേവിനെ രവിചന്ദ്രൻ അശ്വിൻ പിന്നിലാക്കിയത്.

ഈ മൂന്ന് വിക്കറ്റോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി അശ്വിൻ മാറി. 347 ഇന്നിങ്സുകളിൽ നിന്നും 689 വിക്കറ്റുകൾ അശ്വിൻ നേടിയിട്ടുണ്ട്. 448 ഇന്നിങ്സിൽ നിന്നും 687 വിക്കറ്റുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ കപിൽ ദേവ് നേടിയിട്ടുള്ളത്.

ടെസ്റ്റ് ക്രിക്കറ്റിൽ 466 വിക്കറ്റുകൾ നേടിയിട്ടുള്ള അശ്വിൻ, ഏകദിനത്തിൽ 151 വിക്കറ്റും അന്താരാഷ്ട്ര ടി20 യിൽ 72 വിക്കറ്റും നേടിയിട്ടുണ്ട്. 442 ഇന്നിങ്സുകളിൽ നിന്നും 707 വിക്കറ്റ് നേടിയ ഹർഭജൻ സിങ്, 499 ഇന്നിങ്സുകളിൽ നിന്നും 953 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ എന്നിവരാണ് ഈ റെക്കോർഡിൽ ഇനി അശ്വിന് മുൻപിലുള്ളത്. ഹർഭജൻ സിങിനെ അശ്വിൻ മറികടക്കുമെന്നുറപ്പാണെങ്കിലും അനിൽ കുംബ്ലെ പിന്നിലാക്കുകയെന്നത് അശ്വിന് എളുപ്പമാവില്ല.

കൂടാതെ ആദ്യ ഇന്നിങ്സിൽ നേടിയ മൂന്ന് വിക്കറ്റോടെ മൂന്ന് ഫോർമാറ്റിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറായി അശ്വിൻ മാറി. 132 വിക്കറ്റ് മൂന്ന് ഫോർമാറ്റിൽ ഓസ്ട്രേലിയക്കെതിരെ അശ്വിൻ നേടിയിട്ടുണ്ട്. 129 വിക്കറ്റ് നേടിയ ഹർഭജൻ സിങിനെയാണ് അശ്വിൻ പിന്നിലാക്കിയത്. 142 വിക്കറ്റോടെ അനിൽ കുംബ്ലെയാണ് അശ്വിന് മുൻപിലുള്ളത്.